യുവാവിന്റെ മുഖത്തടിച്ച സംഭവം: ഡല്‍ഹി മന്ത്രി പര്‍വേഷ് വര്‍മ്മയ്ക്കെതിരെ പൊലീസ് നോണ്‍-കോഗ്നിസബിള്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: ഡല്‍ഹിയില്‍ റോഡ് പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവത്തില്‍ മന്ത്രി പര്‍വേഷ് വര്‍മ്മയ്ക്കെതിരെ നടപടി. പര്‍വേഷ് വര്‍മ്മയ്ക്കെതിരെ ഡല്‍ഹി പൊലീസ് നോണ്‍-കോഗ്നിസബിള്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. ബിഎന്‍എസ് സെക്ഷന്‍ 115 ചുമത്തിയാണ് നടപടി.

ഇന്നലെ വികാസ്പുരിയില്‍ റോഡ് പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. തിലക് റോഡില്‍ പരിശോധന നടത്തുകയായിരുന്നു മന്ത്രി പര്‍വേഷ് വര്‍മ്മ. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന്റെ പക്കല്‍ നിന്നും മന്ത്രി ഫോണ്‍ പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമായിരുന്നു. റോഡിന്റെ വശങ്ങള്‍ പൊളിഞ്ഞുവീഴുന്നത് ചൂണ്ടിക്കാട്ടിയതിനാണ് യുവാവിനെ മര്‍ദിച്ചതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി പറഞ്ഞത്. മന്ത്രി യുവാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഡല്‍ഹി പൊലീസിന്റെ നടപടി. എന്‍സിആര്‍ ഫയല്‍ ചെയ്താല്‍ അന്വേഷണം നടത്താന്‍ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം പര്‍വേഷിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷ കൂട്ടുകയും ചെയ്തിരുന്നു. വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. യുവാവ് തന്നെയും കുടുംബത്തേയും സംബന്ധിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും പെട്ടെന്നുള്ള വികാരവിക്ഷോഭത്തെ തുടര്‍ന്ന് യുവാവിനെ തല്ലിപ്പോയെന്നുമായിരുന്നു മന്ത്രിയുടെ വാദം.

Scroll to Top