തോല്‍വി മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നു, ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നില്ല: സ്മൃതി ഇറാനി

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വച്ചുള്ള കോണ്‍ഗ്രസിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നില്ല. തോല്‍വി മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നു.

ബ്രിട്ടീഷ് സാമ്രാജ്യം സംരക്ഷിക്കാന്‍ വേണ്ടി സ്ഥാപിതമായ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഇറാനി ആരോപിച്ചു. ഇതിനേക്കാള്‍ ലജ്ജാകരമായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസ് അധികാരത്തിലുള്ളയിടങ്ങളില്‍ അവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ക്ലീന്‍ ചിറ്റ് നല്‍കുമോ. വോട്ടര്‍ പട്ടികയില്‍ പേരുകളുടെ ഇരട്ടിപ്പ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് എന്തിനാണ് ആഗ്രഹിക്കുന്നത് എന്ന് സ്മൃതി ഇറാനി ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെ കുറ്റപ്പെടുത്തിയ ഇറാനി, ബിജെപി അധികാരത്തിലില്ലാത്ത ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് ക്ലീന്‍ ചിറ്റ് നല്‍കുന്നുണ്ടോ എന്ന് ചോദിച്ചു.

പ്രധാനമന്ത്രി മോദി പലതവണ പറഞ്ഞിട്ടുണ്ട്, അവര്‍ തന്നെ വിമര്‍ശിക്കുകയോ ആക്രമിക്കുകയോ ചെയ്‌തേക്കാം, എന്നാല്‍ കോണ്‍ഗ്രസിന്റെ ഇത്തരം ആക്രമണങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ ഇന്ത്യയുടെ ജനാധിപത്യത്തിനോ നേരെയുള്ള ആക്രമണങ്ങളായി മാറരുതെന്ന് സ്മൃതി പറഞ്ഞു.

Scroll to Top