Advertisement

ഫ്രാന്‍സിനും ജര്‍മ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക; ഡീസല്‍ ശേഖരം പുറത്തെടുക്കാന്‍ സമ്മര്‍ദ്ദം

By kcnchannel / October 1, 2026

പാരിസ്: അടിയന്തര ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസല്‍ ശേഖരം പുറത്തെടുത്തില്ലെങ്കില്‍, യൂറോപ്പിലേക്കുള്ള ഡീസല്‍ കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കുമെന്ന് ഫ്രാന്‍സിനും ജര്‍മ്മനിക്കും മുന്നറിയിപ്പ് നല്‍കി അമേരിക്ക. ആഗോള തലത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ ലഭ്യത കൂട്ടാനും വില നിയന്ത്രിക്കാനുമാണ് ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ 120 ദശലക്ഷം ബാരല്‍ ഡീസല്‍ ശേഖരം വിപണിയിലേക്ക് എത്തിക്കാന്‍ യു.എസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ നിലപാട്. ഡീസല്‍ ശേഖരം വിട്ടുനല്‍കാന്‍ ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറായില്ലെങ്കില്‍ യു.എസ് തങ്ങളുടെ ഇന്ധന കയറ്റുമതി നിരോധിച്ചേക്കും. അങ്ങനെ വന്നാല്‍ നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും റഷ്യന്‍ ഉപരോധവും കാരണം ഇന്ധനക്ഷാമം നേരിടുന്ന യൂറോപ്പിന് അത് വന്‍ തിരിച്ചടിയാകും.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ചതും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം വിതരണം തടസ്സപ്പെട്ടതും മൂലം യൂറോപ്പ്, അമേരിക്കന്‍ ഇന്ധനത്തെയാണ് വലിയ അളവില്‍ ആശ്രയിക്കുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ശേഖരം പുറത്തെടുക്കുന്നത് തങ്ങളുടെ ദേശീയ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് യൂറോപ്യന്‍ യൂണിയന്‍. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ജി-7 രാജ്യങ്ങളുടെയും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെയും അടിയന്തര യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ആഗോള തലത്തില്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വില വര്‍ദ്ധനവ് തടയുന്നതിനും ഏകോപിത നടപടികള്‍ സ്വീകരിക്കാനാണ് ജി-7 രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.