മരംമുറിയില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല
വയനാട്: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറായിരുന്ന എ ജയതിലകിന്റെ വിവാദ ഉത്തരവിന്റെ പേരില്‍ , സംസ്ഥാനത്ത് നടന്ന മരംമുറിയിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ഉന്നതരിലേക്കെത്താതെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന കെ എസ് സുദര്‍ശനനായിരുന്നു അന്വേഷണ ചുമതല. മാസങ്ങള്‍ക്കകം തന്നെ ഗൂഢാലോചനയിലെ അന്വേഷണം നിലയ്ക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന കെ എസ് സുദര്‍ശനനായിരുന്നു അന്വേഷണ ചുമതല. എഡിജിപിയായിരുന്ന എസ് ശ്രീജിത്തിനാണ് സുദര്‍ശന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഗൂഢാലോചനയിലുള്ള എസ്‌ഐടി അന്വേഷണം കണ്ണില്‍ പൊടിയിടാനായിരുന്നു.
മരംമുറി ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്ഐടിക്ക് നിര്‍ദേശം നല്‍കിയത് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന വിവരം പുറത്തുവന്നിരുന്നു. ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് കണ്ടെത്തിയവരെക്കുറിച്ച് എസ്ഐടി അന്വേഷിച്ചില്ലായിരുന്നു. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതിയായ കേസുകള്‍ മാത്രമാണ് അന്വേഷണ സംഘം അന്വേഷിച്ചത്. അതിന്റെ കുറ്റപത്രം മാത്രമാണ് കൊടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍, ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥന്‍, വയനാട്ടിലെ കല്‍പ്പറ്റയിലുണ്ടായിരുന്ന ഒരു റേഞ്ച് ഓഫീസര്‍ എന്നിവരുടെയടക്കം പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് ഇത് ഒരുഘട്ടത്തിലും അന്വേഷിച്ചില്ല. അതിന് പിന്നില്‍ മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്നാണ് വിവരം.
