Advertisement

ജില്ലാകളക്ടര്‍ മുന്നിട്ടിറങ്ങി; സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

By kcnchannel / October 2, 2026

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാരും ഹരിത കര്‍മസേനയും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഒന്നിച്ച് ശുചീകരണത്തിനിറങ്ങിയതോടെ സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യമുക്തം. ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും ചെങ്കള ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെങ്കള ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേന അംഗങ്ങളുടെയും കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം. സിവില്‍ സ്റ്റേഷനിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ശേഖരിക്കുകയും ചെയ്തു. ഓഫീസുകളും പരിസരങ്ങളും ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. 660 കിലോയോളം മാലിന്യം ഹരിത കര്‍മസേനക്ക് കൈമാറി.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. ജീവിക്കുന്ന സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവേണ്ട പ്രധാന ഗുണങ്ങളിലൊന്നാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, എ.ഡി.എം പി ഉദയകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ പി ജയന്‍, സാമൂഹിക സന്നദ്ധ സേന ജില്ലാ കോഓഡിനേറ്റര്‍ അര്‍ജുന്‍ രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.