Advertisement

മൊഗ്രാല്‍ ദേശീയ വേദി റാഗിംഗ് വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

By kcnchannel / October 2, 2026

റാഗിംഗിന് ‘നോ’ പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. കുമ്പളയിലെ ബോധവല്‍ക്കരണ ക്ലാസ് ശ്രദ്ധേയമായി

കുമ്പള : റാഗിംഗിനെതിരെ വിദ്യാര്‍ത്ഥികളില്‍ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ചുവരുന്ന
ജില്ലാതല റാഗിംഗ് വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ബോധവല്‍ക്കരണ ക്ലാസ് ജി.എച്ച്.എസ്.എസ് കുമ്പളയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എസ്.എസ് കുമ്പള പിടിഎ പ്രസിഡണ്ട് മൊയ്തീന്‍ അസീസ് അധ്യക്ഷത വഹിച്ചു.
റാഗിംഗിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും നിയമപരമായ ഭവിഷ്യത്തുകളും നിയമനടപടികളും വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തി കുമ്പള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് സ്റ്റീഫന്‍ ക്ലാസെടുത്തു.
റാഗിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍, അധികൃതരെ വിവരം അറിയിക്കേണ്ടതിന്റെ പ്രാധാന്യം, വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പര ബഹുമാനവും സൗഹൃദവും വളര്‍ത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ദേശീയവേദി മുന്‍ പ്രസിഡണ്ട് ടി.കെ അന്‍വര്‍ റാഗിംഗ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാല്‍ സിന്ധു എന്‍, ഹെഡ്മിസ്ട്രസ് ഷൈലജ വി.ആര്‍, സീനിയര്‍ അസിസ്റ്റന്റ് രവി മുല്ലച്ചേരി, സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ അഹമ്മദലി കുമ്പള, മാഹിന്‍ മാസ്റ്റര്‍, സെഡ്.എ മൊഗ്രാല്‍ പ്രസംഗിച്ചു.
ദേശീയവേദി ഭാരവാഹികളായ എം എ അബൂബക്കര്‍ സിദ്ദീഖ്, എം വിജയകുമാര്‍, മുഹമ്മദ് സ്മാര്‍ട്ട്, അഷറഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, ഗള്‍ഫ് കമ്മിറ്റി അംഗം മനാഫ് എല്‍.ടി, മുഹമ്മദ് അബ്‌കോ, എം ജി എ റഹ്‌മാന്‍, ഖാദര്‍ മൊഗ്രാല്‍, എം എം റഹ്‌മാന്‍, ഹമീദ് കാവില്‍,എ.എച്ച് ഇബ്രാഹിം, എം പി എ ഖാദര്‍, അഷറഫ് പെര്‍വാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം,ഹമീദ് പെര്‍വാഡ്, വിശ്വനാഥന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ജന.സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് നന്ദി പറഞ്ഞു.
സെപ്റ്റംബര്‍ 28ന് ജിഎച്ച്എസ്എസ് ബേക്കൂറില്‍ ഉദ്ഘാടനം ചെയ്ത കാമ്പയിന്‍ റാഗിംഗ് റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്‌കൂളുകളിലെ ബോധവല്‍ക്കരണത്തിനു ശേഷം ജി.വി.എച്ച്.എസ്. എസ് മൊഗ്രാലില്‍ സമാപിക്കും.