Advertisement

അന്താരാഷ്ട്ര വയോജന ദിനം: ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും നടത്തി

By kcnchannel / October 2, 2026

ഒക്ടോബര്‍ ഒന്ന്- ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും വയോജന സംഘമവും സംഘടിപ്പിച്ചു. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി രേഖ മുഖ്യാതിഥിയായി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമണ്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ശ്രീവിദ്യ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ഗീത, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എല്‍ റോയ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എം നസീമ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ സ്വാഗതവും പൂടംകല്ല് താലൂക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ ഷിന്‍സി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ വയോജനങ്ങളുടെ ശാരീരിക ആരോഗ്യ പരിരക്ഷ എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അജയ് രാജന്‍, വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ.ശ്രീജിത് കൃഷ്ണന്‍, ജീവിത ശൈലീ രോഗങ്ങളും ഭക്ഷണക്രമവും എന്ന വിഷയത്തില്‍ പൂടംകല്ല് താലൂക് ആശുപത്രി ഡയറ്റീഷന്‍ മൃദുല അരവിന്ദ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകര നേതൃത്വം നല്‍കിയ ‘നാട്ടുമൊഴികള്‍’ എന്ന പരിപാടി നവ്യാനുഭൂതിയായി. എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ലോകമെമ്പാടും വയോജനങ്ങളുടെ ദിനമായി ആചരിക്കുന്നു. പ്രായമായവരുടെ സംഭാവനകളെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത് മുതിര്‍ന്ന പൗരന്മാര്‍ സമൂഹത്തിനും കുടുംബത്തിനും നല്‍കുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ആദരിക്കുക, വാര്‍ദ്ധക്യകാലത്ത് അവര്‍ നേരിടുന്ന മാനസിക, സാമ്പത്തിക, സാമൂഹിക വെല്ലുവിളികളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം വളര്‍ത്തുക, അവര്‍ക്ക് അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.