ഉദുമ ഗ്രാമ പഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി.
ഉദുമ: സ്വച്ഛത ഹി സേവ 2026 ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി. ഗാന്ധി ജയന്തി ദിനത്തില്‍ കൈയ്യോട് കൈ എന്ന ശീര്‍ഷകത്തില്‍ നമ്പ്യാര്‍കിച്ചല്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയായിരുന്നു ആദ്യ ഘട്ട ശുചീകരണം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അംഗങ്ങളായ സി കെ അശോകന്‍, സി കെ വേണു എന്നിവരെ ലിഡര്‍മാരാക്കിയായിരുന്നു ശുചീകരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ യജ്ഞം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, മറ്റ് അംഗങ്ങള്‍, പഞ്ചായത്ത് എച്ച് ഐ സുരമ്യ, ശ്രീകുട്ടി എന്നിവര്‍ സംസാരിച്ചു. എ എസ് പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
