ശബരിമല മേല്‍ശാന്തി നിയമനം: നറുക്കെടുപ്പിനായി പരിഗണിക്കുക അഞ്ചുപേരെ മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിനായി പരിഗണിക്കുന്നത് നേരത്തെ തീരുമാനിച്ച അഞ്ചുപേരെ മാത്രമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. അപ്പീലുകളില്‍ ഹാജരായ ആരെയും മാനദണ്ഡങ്ങള്‍ പ്രകാരം പരിഗണിക്കാന്‍ സാധിച്ചിട്ടില്ല. ശബരിമല മുന്നൊരുക്കത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് തിങ്കളാഴ്ച ബോര്‍ഡ് നല്‍കുമെന്നും ജയകുമാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പറഞ്ഞു.
’47 അപ്പീലുകളാണ് മേല്‍ശാന്തി നിയമനമായി ബന്ധപ്പെട്ട കിട്ടിയത്. എല്ലാവരെയും ഞങ്ങള്‍ കേട്ടു. പത്തുവര്‍ഷം തുടര്‍ച്ചയായി മൂന്ന് ക്ഷേത്രങ്ങളില്‍ പൂജ ചെയ്തവരെയാണ് പരിഗണിച്ചത്. അങ്ങനെ അല്ലാത്തവരെ വിജിലന്‍സ് ഒഴിവാക്കി’- കെ ജയകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്ക് വിജിലന്‍സ് വെക്കുന്ന മാനദണ്ഡങ്ങള്‍ ബുദ്ധിമുട്ടാകുന്നുണ്ടെന്ന് കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്ഫറുകള്‍ പ്രതിസന്ധി ആകുന്നുണ്ട്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആകുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല മുന്നൊരുക്കത്തിന്റെ ആദ്യ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കുമെന്നും കെ ജയകുമാര്‍ അറിയിച്ചു. ശബരിമലയിലെ നിലവിലുള്ള ശുചിമുറി സംസ്‌കാരം മാറ്റും. എങ്ങനെ വേണമെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
