Advertisement

പ്രൊഫഷണല്‍ അണ്ടര്‍ആം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് – സീസണ്‍ 14

By kcnchannel / October 3, 2026

”ലഹരിയോട് നോ പറയൂ, കായികത്തോട് യെസ് പറയൂ”

കാസര്‍ഗോഡ്: ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രൊഫഷണലുകളെ ഒരേ വേദിയില്‍ അണിനിരത്തി സംഘടിപ്പിച്ച പ്രൊഫഷണല്‍ അണ്ടര്‍ആം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് – സീസണ്‍ 14 ഒക്ടോബര്‍ 2ന് കാസര്‍ഗോഡ് നെല്ലിക്കാട്ടെ മെല്‍ബണ്‍ അരീനയില്‍ ആവേശകരമായി നടന്നു.

പ്രൊഫഷണല്‍ ജീവിതത്തിലെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും മാറ്റിവെച്ച് സൗഹൃദത്തിന്റെയും കായികമനോഭാവത്തിന്റെയും ഭാഗമായി ഒന്നിച്ചുചേരുക എന്ന ലക്ഷ്യത്തോടെ 2018ല്‍ ഒരു കൂട്ടം സമാനചിന്താഗതിക്കാരായ പ്രൊഫഷണലുകളാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ജാതി, മതം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി കായികത്തിലൂടെ ആളുകളെ ഒന്നിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

ഈ സംരംഭത്തിന് തുടക്കമിടുകയും ആശയത്തിന് നേതൃത്വം നല്‍കുകയും ചെയ്തത് ഡോ. ജാസിര്‍ അലി ആണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് പരസ്പരം സൗഹൃദം സ്ഥാപിക്കാനും ആശയവിനിമയം നടത്താനും ആരോഗ്യകരമായ മത്സരത്തിലൂടെ ഒത്തുചേരാനും കഴിയുന്ന വേദിയായി പ്രൊഫഷണല്‍ പ്രീമിയര്‍ ലീഗ് വര്‍ഷങ്ങളായി വളര്‍ന്നു.

എഞ്ചിനീയേഴ്‌സ് ഈഗിള്‍സ് സീസണ്‍ 14 ചാമ്പ്യന്മാര്‍

സീസണ്‍ 14ല്‍ എന്‍ജിനീയര്‍ മിര്‍ഷാദ് ക്യാപ്റ്റനായ എഞ്ചിനീയേഴ്‌സ് ഈഗിള്‍സ് ചാമ്പ്യന്മാരായി.

റണ്ണേഴ്‌സ് അപ്പ്: റെഡ്‌ഫോഴ്‌സ്
ക്യാപ്റ്റന്‍: ഡോ. ഷിമ്യാസ്

ഉദ്ഘാടന ചടങ്ങ്

ഡോ. ജാസിര്‍ അലി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഡോ. ഷരീഫ് വി. സ്വാഗതം പറഞ്ഞു. ഡോ. ഷിമ്യാസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. പ്രമോദ് പി. പ്രൊഫഷണല്‍ പ്രീമിയര്‍ ലീഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളെയും കായികരംഗത്തിലൂടെ ഒരുമിപ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ആരോഗ്യകരമായ സമൂഹനിര്‍മ്മാണത്തിന് വലിയ സംഭാവന നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സീനിയര്‍ ഡോക്ടര്‍ ഡോ. ദിവാകര്‍ പൈ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. അതിഥിയായി പങ്കെടുത്ത തൗസീഫ് പി.ബി. ഇത്തരമൊരു വ്യത്യസ്തമായ കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചു.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ശ്രീ. സുബൈര്‍, ശ്രീ. മുഹമ്മദ് കുഞ്ഞി, ശ്രീ. ചെറൂര്‍ മുഹമ്മദ് കുഞ്ഞി, ശ്രീ. ഷരീഫ്, ഫാറൂഖ് തുടങ്ങിയവരും പരിപാടിക്ക് പിന്തുണയും ആശംസകളും അറിയിച്ചു.

പരിപാടിയുടെ നന്ദിപ്രസംഗം എന്‍ജിനീയര്‍ മിര്‍ഷാദ് നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കളിക്കാര്‍ക്കും സംഘാടകര്‍ക്കും അതിഥികള്‍ക്കും പിന്തുണച്ചവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.