Advertisement

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍; പദ്ധതി നടപ്പാക്കുക അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴി

By kcnchannel / October 3, 2026

തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുക എന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. 235 മീറ്റര്‍ നീളത്തില്‍ പുതിയ പുലിമുട്ടും 500 മീറ്റര്‍ ‘L’ ആകൃതിയിലുള്ള ഫിഷറി ബെര്‍ത്തും ഉള്‍പ്പെടുന്നതാണ് ഹാര്‍ബര്‍. ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ബോട്ടുകള്‍ അടുപ്പിക്കാനും മീന്‍ കയറ്റി ഇറക്കാനും സൗകര്യമൊരുക്കും.

CWPRS പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹാര്‍ബര്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക, തീരദേശ നിയന്ത്രണ മേഖല (CRZ) അനുമതികളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് അധികമായി ഒരു ഫിഷിങ് ലാന്‍ഡിങ് സെന്റര്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനമായത്. പിടിച്ചുകൊണ്ടുവരുന്ന മത്സ്യം എളുപ്പത്തില്‍ കരയ്ക്കെത്തിക്കാനും ബോട്ടുപോലുള്ള വാഹനങ്ങളിലേക്ക് മാറ്റാനുമുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമായാണ് പുതിയ ഹാര്‍ബര്‍ എത്തുന്നത്.