Advertisement

രാഹുല്‍ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

By kcnchannel / October 7, 2026

ഡല്‍ഹി: എട്ട് മണിക്കൂര്‍ നീണ്ട രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിനൊടുവില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ ഗാന്ധിയെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെയും വിട്ടയച്ചു. ഭരണാഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി. പ്രതിഷേധം തുടരുമെന്നും ആഹ്വാനം ചെയ്തു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ആകാശവാണി ഭവനുള്ളില്‍ പ്രതിഷധിച്ച രാഹുലിനെയും എംപിമാരെയും ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കാഗാന്ധിയും കെ.സി വേണുഗാപാലും ഉള്‍പ്പെടെയുള്ള 50 എംപിമാരടക്കം 250 പേരാണ് അറസ്റ്റിലായത്. പ്രിയങ്ക ഗാന്ധിയെ കൊണ്ടുപോയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രത്യേകം വാഹനത്തില്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ മറ്റ് എംപിമാരെയും പ്രവര്‍ത്തകരെയും ബസുകളിലാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധ മാര്‍ച്ച് ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടയുകയായിരുന്നു.

തുടര്‍ന്ന് നേതാക്കള്‍ റോഡില്‍ പ്രതിഷേധിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറി ദേശീയപതാക വീശുകയും ചെയ്തു. പിന്നീട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവന്‍ വളപ്പിലെത്തി പ്രതിഷേധം തുടര്‍ന്നു.

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ച് നടത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.