രാജ്യതലസ്ഥാനത്ത് ഉന്നതതല ചര്‍ച്ച, പിന്നാലെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികള്‍
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശന്‍ എന്‍ടിപിസിയുമായി ന്യൂഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച നടത്തി. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനും മഹാരാഷ്ട്രയില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനും തീരുമാനമായി.
ന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പുനരുപയോഗ ഊര്‍ജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ സമഗ്രമായ ധാരണയിലെത്തി.
ഊര്‍ജ സംഭരണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി കായംകുളത്ത് 2000 MWh ശേഷിയുള്ള കൂറ്റന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാന്‍ തീരുമാനമായി. കെഎസ്ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (NGEL) എന്നിവര്‍ സംയുക്തമായാണ് ഈ ബൃഹദ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഇതിനായുള്ള ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും. ഇതിനുപുറമെ, പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 MWh വീതം ശേഷിയുള്ള ‘ബെസ്’ പദ്ധതികള്‍ 2027 മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യാനും ധാരണയായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എന്‍ടിപിസി സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് ഈ വൈദ്യുതി കേരളത്തിന് കൈമാറുക. ഒപ്പം, കായംകുളത്ത് നിലവിലുള്ള 27 MW സോളാര്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും പദ്ധതിക്കാവശ്യമായ പൂര്‍ണ സംസ്ഥാന സഹകരണം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തിനായി ഒരു സമര്‍പ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എന്‍ടിപിസിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
‘കേരളം കടുത്ത ക്ഷാമത്തിലേക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം
ഇതിന്റെ ഭാഗമായി രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവര്‍ പര്‍ച്ചേസ് കരാര്‍ (PPA) ഒപ്പുവെക്കാന്‍ എന്‍ടിപിസി സന്നദ്ധത അറിയിച്ചു. പദ്ധതികള്‍ക്കൊപ്പം കെഎസ്ഇബിയുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിനായി മാനേജ്മെന്റ്, സാങ്കേതിക പ്രവര്‍ത്തനം, ആധുനിക വൈദ്യുതി മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവയില്‍ എന്‍ടിപിസിയുടെ പ്രൊഫഷണല്‍ വൈദഗ്ധ്യവും സാങ്കേതിക പിന്തുണയും ലഭ്യമാക്കും. പുനരുപയോഗ ഊര്‍ജം കാര്യക്ഷമമായി സംഭരിച്ചുപയോഗിക്കാനും പീക്ക് സമയങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാനും ഈ വിപുലമായ നടപടികള്‍ സംസ്ഥാനത്തിന് വലിയ കരുത്താകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
