Advertisement

ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളാകാന്‍ ജനപ്രതിനിധികളും

By kcnchannel / October 8, 2026

ജനപ്രതിനിധിയെന്ന ഓട്ടത്തിനിടയിലും പഠനം തുടരാന്‍ ഉറച്ച് ജനപ്രതിനിധികള്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എച്ച്.ബിന്ദു, എം.സിന്ധു എന്നിവര്‍ സാക്ഷരതാ മിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ ചേര്‍ന്നു. ജനപ്രതിനിധികള്‍ മാതൃക കാട്ടിയാല്‍ ഡിവിഷനിലുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് മെമ്പര്‍മാര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന സാക്ഷരത പ്രേരക്മാരുടെ മേഖലാതല അവലോകന യോഗത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുല്യതാ കോഴ്സില്‍ അഡ്മിഷന്‍ എടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുജാത അവലോകനയോഗം ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷന്റെ വിവിധ തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ നടത്താന്‍ താല്പര്യമുള്ളവര്‍ സാക്ഷരതാ പ്രേരക്മാരുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രജിസ്ട്രേഷന് ആവശ്യമായ ഫീസ് തുക ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പി ജയശ്രീ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.വി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജിഷ, ഹനീഫ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ പ്രേരക്മാരായ എം.ഗീത സ്വാഗതവും എന്‍.വിന്‍സന്റ് നന്ദിയും പറഞ്ഞു.