പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നില്‍ ഇനി അപേക്ഷിക്കാന്‍ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുന്‍കൈ എടുത്ത് ക്ഷണിച്ചാല്‍ മാത്രം ചര്‍ച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനമാകും വരെ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍
ഉറച്ച് നില്‍ക്കാനും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
അടുത്തയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വീണ്ടും ചര്‍ച്ചയ്ക്ക് എടുത്തത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. പല തവണ ഉന്നയിച്ചിട്ടും സിപിഐഎമ്മില്‍ നിന്ന് അനുകൂലമായ മറുപടി ഉണ്ടാകാത്തതിനാല്‍ ഇനി അപേക്ഷിക്കാന്‍ പോകേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉണ്ടായ ധാരണ. പിന്നാലെ നടന്ന് ആവശ്യം ഉന്നയിച്ച് പാര്‍ട്ടിക്ക് അഭിമാനക്ഷതം ഉണ്ടാക്കേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടിലേക്ക് എത്തിയത്. അതേസമയം, നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും സഭാതലത്തിലെ മുന്നണിയുടെ ഇടപെടലുകളുമായി സഹകരിക്കും.
