Advertisement

അഭിജീത് ദീപ്‌കെ, പിണറായി, കെജ്രിവാള്‍, അഷുതോഷ് റാങ്കെ, ധ്രുവ് റാഠി…,നേതാക്കള്‍ വ്യാപകമായി കസ്റ്റഡിയില്‍

By kcnchannel / October 10, 2026

; സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം, പ്രതിഷേധം തുടരുമെന്ന് സിജെപി

പിണറായി വിജയന്‍, അരവിന്ദ് കെജ്രിവാള്‍, അഭിജീത് ദീപ്‌കെ, ധ്രുവ് റാഠി തുടങ്ങി നിരവധി പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. ജന്തര്‍ മന്തറിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ സി.ജെ.പിയുടേയും, സിപിഎം അടക്കം ഇടതുപാര്‍ട്ടികളുടേയും ആംആദ്മി പാര്‍ട്ടിയുടേയും നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമടക്കമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ,കോ-കണ്‍വീനര്‍ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ്, സിപിഎം നേതാക്കളായ പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി അടക്കം ദില്ലിയില്‍ കസ്റ്റഡിയിലാണ്. സമരത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500-ലധികം പ്രതിഷേധക്കാരെയാണ് ദില്ലി പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ദീപ്‌കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്
സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയെ വിമാനത്തില്‍ വെച്ചാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, കോ-കണ്‍വീനര്‍ അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ പോലും പൊലീസ് അനുവദിച്ചില്ല.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നും ദില്ലിയിലെത്തിയതായിരുന്നു ദീപ്‌കേ. അറസ്റ്റിന് നീക്കമുണ്ടായേക്കാമെന്നും ഭയന്ന് പിന്‍മാറില്ലെന്നും അഭിജീത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനത്തിനുള്ളിലെ നാടകീയ രംഗങ്ങള്‍ ഇവര്‍ ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ പുറത്തുവിട്ടു. തുടര്‍ന്ന് റണ്‍വേയില്‍ കാത്തു കിടന്ന ബസിലേക്ക് ഇവരെ മാറ്റി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.