Advertisement

നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടം; സുഹൈലിന് ഒപ്പമുണ്ടായിരുന്നവര്‍ക്കെതിരെ കൂടി കേസ്, പ്രേരണാകുറ്റം ചുമത്തി

By kcnchannel / October 12, 2026

സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീര്‍, ജോയല്‍ എന്നിവര്‍ക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ബോധമില്ലാത്ത അവസ്ഥയില്‍ വണ്ടി ഓടിക്കാന്‍ പ്രേരണ നല്‍കി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീര്‍, ജോയല്‍ എന്നിവര്‍ക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ബോധമില്ലാത്ത അവസ്ഥയില്‍ വണ്ടി ഓടിക്കാന്‍ പ്രേരണ നല്‍കി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപകടം ഉണ്ടാകുമ്പോള്‍ സുഹൈല്‍ സജീവനൊപ്പം മിനി കൂപ്പറില്‍ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. സുഹൃത്ത് ആലപ്പുഴ സ്വദേശി നിനവ് ആയിരുന്നു മുന്‍ സീറ്റില്‍ ഉണ്ടായിരുന്നത്. സുഹൈല്‍ ബാറുകളില്‍ കയറി മദ്യപിക്കുമ്പോഴും ഒപ്പം ഉണ്ടായിരുന്നത് നിനവാണ്. വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ചാണ് നിനവിന്റെ സുഹൃത്തുക്കളായ അമീറും ജോയലും, മിനി കൂപ്പറില്‍ കയറുന്നത്. നാലുപേരും ഒരുമിച്ചു പോകുമ്പോഴാണ്, അമിത വേഗത്തില്‍ ഓടിക്കലും അപകടത്തില്‍ കലാശിച്ചതും. മദ്യപിച്ചു എന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കുന്നത് തടയാത്തതിനും, അമിതവേഗം വിലക്കാത്തതിനുമാണ്, പൊലീസ് പ്രേരണ കുറ്റം ചുമത്തിയത്. അപകട ശേഷം സുഹൃത്തിനെ കൂട്ടാന്‍ എത്തിയ കാറിലാണ് അമീറും ജോയലും രക്ഷപ്പെട്ടത്.

അതേസമയം, സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി. പൊലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അമിതവേഗത്തില്‍ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടത്തിന്റെ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇവന്റെ ഡാറ്റ റെക്കോര്‍ഡര്‍ പൊലീസ് പരിശോധിക്കും. അപകട നേരത്തെ വേഗം, ബ്രേക്കിങ്, ത്രോട്ടില്‍ പൊസിഷന്‍ എന്നിവ തിരിച്ചറിയാനാണ് പരിശോധന. അമിത വേഗത്തിലായിരുന്നു വാഹനം എന്ന് സുഹൈല്‍ പൊലീസിനോട് പറഞ്ഞിരുന്നു. സുഹൈല്‍ നിലവില്‍ റിമാന്‍ഡിലാണ്.