Advertisement

ഫ്യൂച്ചര്‍ ഇന്ത്യ’: ഐഎന്‍എല്‍ ദേശീയ സെമിനാര്‍ നവംബര്‍ 5 ന്

By kcnchannel / October 13, 2026

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഫ്യൂച്ചര്‍ ഇന്ത്യ’ എന്ന പ്രമേയത്തില്‍ നവംബര്‍ 5-ന് ന്യൂഡല്‍ഹിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. പാര്‍ട്ടിയുടെ സ്ഥാപക നേതാവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ മതേതര വ്യക്തിത്വവുമായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ 105 മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സിപിഐ(എം) ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുന്‍ കേന്ദ്രമന്ത്രിമാരായ മണിശങ്കര്‍ അയ്യര്‍, സി.എം. ഇബ്രാഹിം, എംപിമാരായ ആം സഞ്ജയ് സിംഗ്, ശ്രീമതി ഇഖ്‌റഹസ്സന്‍, മുന്‍ പാര്‍ലമെന്റ് അംഗം ഡാനിഷ്അലി, സിജെപി വക്താവ് സൗരവ്ദാസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

സെമിനാറിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പാര്‍ട്ടി പ്രതിനിധികളുടെ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഈ സംഗമത്തില്‍ ഐഎന്‍എല്ലിന്റെ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിക്കും. പാര്‍ട്ടിയുടെ ദേശീയതലത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും ഡിജിറ്റല്‍ അംഗത്വ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കാന്‍ വിവിധ പദ്ധതികള്‍ ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ പ്രഥമപടിയായി വ്യത്യസ്ഥ കാരണങ്ങളാല്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരായി വിവിധകാലങ്ങളില്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടവരുടെ നടപടികള്‍ അനുകൂലമായ പുനഃപരിശോധന നടത്തും. അവരെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കും. ഇതിന്റെ പ്രായോഗിക കര്‍മ്മരൂപം ഉടനെതയ്യാറാക്കും.

പാര്‍ട്ടിയുടെ ഐക്യവും സംഘടനാ ശക്തിയും വര്‍ധിപ്പിക്കുന്നതിനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ദേശീയ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ മതേതര പാരമ്പര്യവും ജനാധിപത്യ സംവിധാനവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെ മൂന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യത്തോടെയാണ് ഐഎന്‍എല്‍ കാണുന്നത്. ഈ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ-മതേതര വിശ്വാസികളും ഒന്നിച്ച് മുന്നോട്ടുവരണമെന്നും രാജ്യത്തിന്റെ ഭാവിക്കായി വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാന്‍ തയ്യാറാകണമെന്നും ഐഎന്‍എല്‍ ദേശീയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍
ദേശീയ ജനറല്‍ സെക്രട്ടറി
അഹമ്മദ് ദേവര്‍ കോവില്‍, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സമദ് നരിപറ്റ, , സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിപി അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

.