Advertisement

‘ഗ്യാനേഷ് കുമാറിന് ശിക്ഷ ഉറപ്പ്; വിജയം കാണും വരെ പോരാട്ടം, പ്രതിഷേധവുമായി മുന്നോട്ട്’; ഇന്ത്യാ സഖ്യം

By kcnchannel / October 13, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടെന്ന് ഇന്ത്യാ സഖ്യ നേതാക്കള്‍. ജനാധിപത്യം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടെന്നും നേതാക്കള്‍. തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒരുക്കിയ ചായസത്ക്കാരത്തിന് ശേഷമാണ് നേതാക്കളുടെ പ്രഖ്യാപനം. ഇന്നലെ നടന്നത് ഐതിഹാസിക സമരമാണെന്നും വോട്ട് കൊള്ള തുറന്ന് കാട്ടാന്‍ എല്ലാവരും ഒറ്റക്കെട്ടെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ബിജെപി രാജ്യത്തെ ഒറ്റുകയാണെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍? ?ഗാന്ധി പറഞ്ഞു. സമാന്തര സമരങ്ങളില്ല. ഒരേ ഒരു സമരമേ ഉള്ളൂ. ജനാധിപത്യത്തെ പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്ന് അദേഹം വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ സമരം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കില്ലെന്നും അദേഹം പറഞ്ഞു. ഭരണ ഘടനയെ ഇല്ലാതാക്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് മോദിയും ഷായും ഗ്യാനേഷും മനസിലാക്കണമെന്ന് രാഹുല്‍ ?ഗാന്ധി പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാന്‍ എന്തും നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ പാവയെ പോലെ പണിയെടുക്കുന്നുവെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സമരം എങ്ങനെ കൊണ്ടുപോവണമെന്ന് ചര്‍ച്ച ചെയ്തു. ജന്തര്‍ മന്തറിനെ പ്രതിഷേധ വേദിയില്‍ നിന്ന് ഒഴിവാക്കിയതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്ന് ടിഎംസി നേതാവ് സുപ്രിയ സുലെ പറഞ്ഞു.

ജനാധിപത്യത്തിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വോട്ട് കൊള്ളക്കാര്‍ ഇപ്പോള്‍ ജന്തര്‍ മന്തറും മോഷ്ടിച്ചെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി വിമര്‍ശിച്ചു. ഗ്യാനേഷ് കുമാര്‍ ഒരു മാഫിയ ആണെന്നും അയാളെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരേ ഒരു ശത്രുവേ ഉള്ളു അത് ബിജെപിയാണെന്ന് നേഹ ബോറ പറഞ്ഞു. ഇന്ത്യയെ ജനാധിപത്യ രാജ്യമാക്കുന്നതില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് നേഹ കൂട്ടിച്ചേര്‍ത്തു.