കേന്ദ്രമന്ത്രി എല്‍ മുരുഗന്‍ രാജിവച്ചു: രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി എല്‍ മുരുഗന്‍ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. ബിജെപിയെ ശക്തിപ്പെടുത്താന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊള്ളുമെന്ന് എല്‍ മുരുകന്‍ പറഞ്ഞു. 2029 തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുമെന്നും എല്‍ മുരുകന്‍ വ്യക്തമാക്കി. ഒരു ദിവസവേതനക്കാരായ തൊഴിലാളികളുടെ മകനെ മന്ത്രിയാക്കിയതില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്ന് അദേഹം പറഞ്ഞു.
താഴേതട്ടില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബിജെപിയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് അദേഹം പറയുന്നു. രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴുള്ള പരിപാടികളില്‍ എല്‍ മുരുകന്‍ പങ്കെടുത്തിരുന്നു. നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ അദേഹം കുറിച്ചു.
തമിഴ്നാട് ബിജെപിയുടെ മുന്‍ അധ്യക്ഷനായ എല്‍. മുരുകന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2030 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
