Advertisement

‘അവര്‍ അവന്റെ ആത്മവിശ്വാസം തകര്‍ത്തു’; ഗൗതം ഗംഭീറിനെയും ടീം മാനേജ്മെന്റിനെയും വിമര്‍ശിച്ച് ശ്രീകാന്ത്

By kcnchannel / October 13, 2026

ഇന്‍ഡോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും ടീം മാനേജ്മെന്റിന്റെയും ഇത്തരം നിലപാടുകള്‍ കുല്‍ദീപിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

റാഞ്ചിയില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 249 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ആ മത്സരത്തില്‍ നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയ കുല്‍ദീപിനെ തുടര്‍ന്ന് ഇന്‍ഡോറിലെ മൂന്നാം മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും പകരം യുവ പേസര്‍ പ്രിന്‍സ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. പ്രിന്‍സ് യാദവിനെയും മയാങ്ക് യാദവിനെയും പോലുള്ള യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നത് നല്ല കാര്യമാണെങ്കിലും, ഒരു മത്സരത്തില്‍ റണ്‍സ് വഴങ്ങി എന്ന കാരണം കൊണ്ട് മാത്രം കുല്‍ദീപിനെപ്പോലൊരു ലോകോത്തര സ്പിന്നറെ പുറത്തിരുത്തിയത് ശരിയായ നടപടിയല്ലെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. എത്രകാലം ബുംറയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു.

രണ്ടാം ടി20യിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനത്തെയും ശ്രീകാന്ത് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 249 റണ്‍സ് നേടിയിട്ടും വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റത് അംഗീകരിക്കാനാവില്ലെന്നും വിന്‍ഡീസ് ബൗളിംഗ് നിര വളരെ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. റോസ്റ്റണ്‍ ചേസിനെപ്പോലുള്ള താല്‍ക്കാലിക ബൗളര്‍മാരെ വെച്ചാണ് അവര്‍ പന്തെറിയുന്നത്. അത്തരം ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിക്കറ്റ് ദാനം ചെയ്യുകയാണ്. അഭിഷേക് ശര്‍മ്മ റണ്‍സ് അടിച്ചാല്‍ മാത്രം ജയിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയുടെ മധ്യനിര മാറിയതായും തന്റെ യൂട്യൂബ് ചാനലായ ‘ചീക്കി ചീകാ’യിലൂടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

മൂന്നാം മത്സരത്തില്‍ 14 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-1 ന് മുന്നിലെത്തിയിരുന്നു. പരമ്പരയിലെ നാലാം മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ബുധനാഴ്ച നടക്കും