പ്രതിഫലം പകുതിയായി കുറച്ച് സണ്‍റൈസേഴ്‌സില്‍ തിരിച്ചെത്തി നടരാജന്‍; സീഷാന്‍ അന്‍സാരി ഡല്‍ഹി ക്യാപിറ്റല്‍സില്‍
ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി കളിക്കാരെ വെച്ചുമാറി സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും. ഇടങ്കയ്യന്‍ പേസര്‍ ടി. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ടി നടരാജന്‍ തന്റെ പഴയ തട്ടകമായ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയപ്പോള്‍, ലെഗ് സ്പിന്നര്‍ ഷീഷാന്‍ അന്‍സാരി സണ്‍റൈസേഴ്‌സില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറി. 2025 ലെ ലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നടരാജനെ സ്വന്തമാക്കിയിരുന്നത്.
എന്നാല്‍ നിലവില്‍ 5 കോടി രൂപയുടെ പുതുക്കിയ പ്രതിഫലത്തിലാണ് നടരാജന്‍ 2016-ലെ ചാമ്പ്യന്മാരായ ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്‍ 2026 സീസണില്‍ ഹൈദരാബാദിനായി 10 മത്സരങ്ങളില്‍ പന്തെറിഞ്ഞ 26-കാരനായ സീഷാന്‍ അന്‍സാരി, തന്റെ നിലവിലെ പ്രതിഫലമായ 40 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേരും. ഡെത്ത് ഓവറുകളിലെ അനുഭവസമ്പത്തുള്ള ഒരു ഇന്ത്യന്‍ പേസറെ തിരികെയെത്തിച്ച് ബൗളിങ് നിര ശക്തമാക്കാന്‍ ഹൈദരാബാദിനും, സ്പിന്‍ നിരയിലെ വൈവിധ്യം കൂട്ടാന്‍ ഡല്‍ഹിക്കും താരക്കൈമാറ്റം ഉപകരിക്കും.
2020 മുതല്‍ 2024 വരെയുള്ള അഞ്ച് സീസണുകളില്‍ സണ്‍റൈസേഴ്സ് നിരയിലെ അവിഭാജ്യ ഘടകമായിരുന്നു ടി. നടരാജന്‍. കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ ഡെത്ത് ഓവറുകളില്‍ ഹൈദരാബാദിന്റെ വിശ്വസ്ത ബൗളറായി മാറാന്‍ നടരാജന് സാധിച്ചിരുന്നു. 2024 സീസണില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തി ഹൈദരാബാദിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നടരാജന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യക്കായി ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള നടരാജന്‍, 73 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം, ഡല്‍ഹിക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ 3 വിക്കറ്റുകള്‍ വീഴ്ത്തി ഐപിഎല്ലില്‍ ശ്രദ്ധേയമായ തുടക്കം കുറിച്ച താരമാണ് സീഷാന്‍ അന്‍സാരി. 10 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. കുല്‍ദീപ് യാദവ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് മാറിയ സാഹചര്യത്തില്‍ ഡല്‍ഹിയുടെ സ്പിന്‍ നിരയ്ക്ക് കരുത്തേകാന്‍ അന്‍സാരിയുടെ വരവ് സഹായിക്കും.
