Advertisement

52,878 കോടിയുടെ ഇടപാട്! IDBI ബാങ്കിന്റെ ഓഹരി വില്‍പനയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; നടക്കുക രാജ്യത്തെ ഏറ്റവും വലിയ ഇടപാട്

By kcnchannel / October 14, 2026

ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഇതിലൂടെ, ബാങ്കിലെ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 15 ശതമാനമായും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരി പങ്കാളിത്തം 19 ശതമാനമായും കുറയും. കനേഡിയന്‍ ധനകാര്യ സ്ഥാപനമായ ഫെയര്‍ഫാക്‌സ് 52,878 കോടി രൂപയ്ക്ക് ബാങ്കില്‍ ഓഹരി സ്വന്തമാക്കാനൊരുങ്ങുന്നത്.

ഈ ഇടപാടിനെ തന്ത്രപരമായ പുനഃസംഘടന എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഐഡിബിഐ ബാങ്കിന്റെ 45.5 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശമാണുള്ളത്. എല്‍ഐസിക്ക് 49.2 ശതമാനം ഓഹരികളാണുള്ളത്.

സാമ്പത്തിക സ്ഥിതി മോശമായിരുന്ന ഐഡിബിഐ ബാങ്കിനെ 2017-ല്‍ ‘പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍’ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്നിരുന്നു. 2019 ജനുവരിയില്‍, 21,624 കോടി രൂപ നിക്ഷേപിച്ച് അതിന് പകരമായി പ്രിഫറന്‍ഷ്യല്‍ ഷെയറുകള്‍ സ്വന്തമാക്കിക്കൊണ്ട് എല്‍ഐസി ബാങ്കിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരണ പാതയിലെ ഒരു വലിയ നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.