Advertisement

യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്ത്രപരമായ നീക്കവുമായി ഇറാന്‍; ട്രംപിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുക ലക്ഷ്യം; ഹോര്‍മുസില്‍ ആക്രമണം കടുപ്പിക്കും

By kcnchannel / October 14, 2026

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്കെതിരെ പുതിയ ആക്രമണ തന്ത്രങ്ങള്‍ മെനയുകയാണ് ഇറാനെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുകയാണ് ലക്ഷ്യം. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ തടസപ്പെടുത്തി ഇതിലൂടെ ആഗോള തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ത്താനുള്ള തന്ത്രപരമായ നീക്കമാണ് ഇറാന്‍ നടത്തുന്നത്.

യുദ്ധം മൂലം ഉയര്‍ന്ന ആഗോള എണ്ണവില കുറയ്ക്കാനായി അമേരിക്ക നടത്തുന്ന തീവ്രശ്രമം ചെറുത്ത് തോല്‍പ്പിക്കാനാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ധൗ ബോട്ടുകളും സാധാരണ ബോട്ടുകളും ഉപയോഗിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായാണ് വിവരം. ഹോര്‍മുസ് മേഖലയില്‍ ഡ്രോണ്‍ ആക്രമണങ്ങളും നിരീക്ഷണങ്ങളും ഇറാന്‍ ശക്തമാക്കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിന് പുറമെ ഒമാന്‍ ഉള്‍ക്കടല്‍, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ പ്രദേശങ്ങളുടെ തീരക്കടലുകളിലേക്കും ആക്രമണം വിപുലീകരിക്കാനും ഇറാന്‍ നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം ഈ മേഖലയില്‍ അഞ്ചിലധികം കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളോ സുരക്ഷാ ഭീഷണികളോ ഉണ്ടായിട്ടുണ്ടെന്ന് യു.കെ മരിറ്റൈം ട്രേഡ് ഓപ്പറേഷന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണവില കുതിച്ചുയര്‍ന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ ട്രംപിന് കനത്ത തിരിച്ചടിയായി മാറുമെന്ന് ഇറാന്‍ കണക്കുകൂട്ടുന്നു. അതേസമയം ഇറാന്റെ നീക്കം മുന്‍കൂട്ടി കണ്ട് അമേരിക്ക, പോര്‍വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നിരീക്ഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ആക്രമണം ശക്തമായാല്‍ ചരക്കുനീക്കത്തിനുള്ള ഇന്‍ഷുറന്‍സ് ചെലവ് ഉയരുന്നതോടൊപ്പം ആഗോള തലത്തില്‍ എണ്ണവിലയും ഉയര്‍ന്നേക്കും.