Advertisement

ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; വലതുപക്ഷ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബെഞ്ചമിന്‍ നെതന്യാഹു

By kcnchannel / October 27, 2026

ടെല്‍അവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 1977ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇസ്രയേലില്‍ രേഖപ്പെടുത്തുന്നത്. ഇസ്രയേലിലെ പ്രാദേശിക സമയം അനുസരിച്ച് തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 31 ശതമാനത്തിലധികമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷ വോട്ടര്‍മാരുടെ വന്‍തോതിലുള്ള പോളിങിനെ തുടര്‍ന്ന് അനുയായികളോട് പോളിങ് കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു അഭ്യര്‍ത്ഥിച്ചു.

‘അടിയന്തരാവസ്ഥ! എന്ന എക്സ് കുറിപ്പോടെയാണ് അദ്ദേഹം വോട്ടര്‍മാരോട് പോളിങ് ബൂത്തിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. ‘ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോളിങ് സ്റ്റേഷനുകളിലേക്ക് ഇരച്ചുകയറി. വലതുപക്ഷ പ്രവര്‍ത്തകര്‍ നിസ്സംഗരാണ്. ഉണരേണ്ട സമയമാണിത്. പുറത്തുപോയി മറ്റുള്ളവരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക. ലികുഡിന് വോട്ടുചെയ്യുക,’ നെതന്യാഹു എക്സില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുകൊണ്ട് ബാഗുകളില്‍ പണം കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജറുസലേമില്‍ നിന്ന് വോട്ടുചെയ്ത് മടങ്ങവേയാണ് അദ്ദേഹം പ്രതികരിച്ചത്.

സുരക്ഷാ വീഴ്ചകളുടെ പേരില്‍ രാജ്യത്ത് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പ് വലിയൊരു അഗ്നിപരീക്ഷയാകും. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷമുള്ള ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്. ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി കാണുന്നതിലും തടയുന്നതിലുമുണ്ടായ സുരക്ഷാ വീഴ്ചയും, തുടര്‍ന്ന് ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയും നെതന്യാഹുവിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പുറത്തുവരുന്ന അഭിപ്രായ സര്‍വേകളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയും, മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റവുമാണ് പ്രവചിക്കുന്നത്.

സര്‍വേഫലങ്ങള്‍ പ്രകാരം പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് ഗാഡി ഐസന്‍കോട്ടിനോടാണ് (41%). 37% പിന്തുണയോടെ നഫ്താലി ബെന്നറ്റ് രണ്ടാമതുള്ളപ്പോള്‍, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 35% പിന്തുണയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അരലക്ഷം പുതിയ വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. കൂടാതെ വിദേശത്തു നിന്ന് 70,000ത്തോളം ഇസ്രയേലികള്‍ വോട്ട് ചെയ്യാന്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.