കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിലും വന്‍ ക്രമക്കേട്; സമഗ്ര പരിശോധന വേണമെന്ന് വിദഗ്ധ സമിതി നിയമസഭയില്‍, പരമാധികാരത്തിന് കടിഞ്ഞാണ്‍
കിഫ്ബി ഈ രീതിയില്‍ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. സര്‍ക്കാരിന് വന്‍ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളില്‍ സമഗ്ര പരിശോധനയ്ക്കും ശുപാര്‍ശ.
തിരുവനന്തപുരം: കിഫ്ബിയില്‍ സമഗ്ര പൊളിച്ചെഴുത്ത് നിര്‍ദേശിക്കുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് നിയമസഭയില്‍. കിഫ്ബി ഈ രീതിയില്‍ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഫ്ബി ഭൂമിയേറ്റെടുക്കലില്‍ ഗുരുതര ക്രമക്കേടുണ്ടെന്നും കണ്ണൂരില്‍ ഭൂമി വിലയുടെ അഞ്ചിരട്ടി നല്‍കി 3829 ഏക്കര്‍ 9572 കോടിക്ക് ഏറ്റെടുത്തതില്‍ സമഗ്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളില്‍ സമഗ്ര പരിശോധനയ്ക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കി.
കിഫ്ബിയുടെ പരമാധികാരത്തിന് കടിഞ്ഞാണ്‍
കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ ഓഡിറ്റ് വേണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പത്ത് വര്‍ഷത്തെ പ്രവര്‍ത്തനം സിഎജി ഓഡിറ്റ് ചെയ്യണമെന്നും വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ കിഫ്ബിയെ അനുവദിക്കരുതെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു. വായ്പയെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കിഫ്ബി നിയമത്തില്‍ നിന്ന് ഒഴിവാക്കണം. കിഫ്ബിയുടെ നിലവിലെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം, തിരിച്ചടവിനായി വാര്‍ഷിക ബജറ്റില്‍ മതിയായ തുക വകയിരുത്തണം, നിലവില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കണം, ഇതിനായി 2026-27 മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വാര്‍ഷിക ബജറ്റില്‍ തുക വകയിരുത്തണം, കിഫ്ബിയുടെ ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ പുനഃക്രമീകരിക്കണം, കുറഞ്ഞ പലിശയുള്ള ബാധ്യതകളിലേക്ക് കടം മാറ്റി പലിശ ഭാരം കുറയ്ക്കണം, കിഫ്ബി പുനഃസംഘടിപ്പിക്കണം എന്നീ ശുപാര്‍ശകളാണ് വിദഗ്ധ സമിതി നല്‍കുന്നത്. ഫണ്ട് സമാഹരണം, പദ്ധതികള്‍ക്ക് ധനസഹായം നല്‍കല്‍ എന്ന നിലയില്‍ കിഫ്ബി തുടരേണ്ടതില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യം ഇല്ലാതായി എന്നും റിപ്പോര്‍ട്ടിലുണ്ട്.
കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിലും വന്‍ ക്രമക്കേടെന്ന് ആരോപണം
കണ്ണൂര്‍ ജില്ലയില്‍ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലില്‍ വന്‍ ക്രമക്കേട് ഉണ്ടെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റെടുക്കല്‍ ദുരൂഹമാണെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു. 3829 ഏക്കര്‍ 9572 കോടിക്ക് കണ്ണൂരില്‍ ഏറ്റെടുത്തു. ഭൂമി വിലയുടെ അഞ്ചിരട്ടി തുകയിലാണ് ഇത്. നടപടിയില്‍ സമഗ്ര പരിശോധന വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
