Advertisement

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന അംഗീകരിക്കില്ല; ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

By kcnchannel / October 15, 2026

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി. സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ദര്‍ശന നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണ്. ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാറിയിരിക്കുകയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകുകയാണെങ്കില്‍ അതിനെ നിയമപരമായും സംഘടനാപരമായും ബിജെപി ചെറുക്കും. ശബരിമല ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി. ആദ്യം സൗജന്യമായിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങി. ഇപ്പോള്‍ അത് പത്ത് രൂപയാക്കാനാണ് നീക്കം.

നാളെ നൂറും ആയിരവും രൂപയായി നിരക്ക് ഉയര്‍ത്താനും മടിക്കാത്ത ഏജന്‍സിയായി ദേവസ്വം ബോര്‍ഡ് മാറുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ഘട്ടത്തിലും നിരക്ക് വര്‍ധിപ്പിച്ച് ഭക്തരുടെ മേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരില്‍ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദര്‍ശനത്തിനെത്തുന്നത്.

വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധിപ്പിച്ചാല്‍ ഇത്തരത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വലിയ തുക അധികമായി ചെലവഴിക്കേണ്ടിവരും. സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കാന്‍ ദര്‍ശന നിരക്ക് വര്‍ധിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം ഭക്തസമൂഹത്തോടുള്ള വെല്ലുവിളിയാണ്. പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ പോലും പലപ്പോഴും വെള്ളമില്ലാതെയും വൃത്തിയില്ലാതെയും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എല്ലാ തീര്‍ത്ഥാടന കാലത്തും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ഭക്തര്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍, നിരക്ക് വര്‍ധിപ്പിച്ചാല്‍ സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ വാഗ്ദാനം എങ്ങനെ വിശ്വസിക്കാനാകുമെന്നും അനൂപ് ആന്റണി ചോദിച്ചു.