ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍, കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമെന്ന് മന്ത്രി; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒപി ഡോക്ടര്‍മാര്‍ക്ക് നല്‍കണം
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍. മരുന്നുകളുടെയും ലാബ് പരിശോധനകള്‍ക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീഏജന്റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിര്‍ദേശം നല്‍കിയതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന് അറിയിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കുമാണ് സര്‍ക്കുലര്‍ നല്‍കിയത്.
ആശുപത്രികളില്‍ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒപി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കണം. ഇതിലൂടെ ആശുപത്രിയില്‍ ലഭ്യമായ മരുന്നുകള്‍ തിരിച്ചറിഞ്ഞ് അവ രോഗികള്‍ക്ക് നിര്‍ദേശിക്കാനും മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. ഡോക്ടര്‍മാര്‍ നല്കുന്ന കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
റീഏജന്റുകളുടെ സ്റ്റോക്ക്, ഭാവിയിലെ ആവശ്യകത എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണം. ഇതിലൂടെ ക്ഷാമം മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ സാമഗ്രികള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ സാധിക്കും. ലാബ് പരിശോധനകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് അവ വാങ്ങാമെന്നും സര്‍ക്കുലറിലുണ്ട്.
മരുന്നുകളുടെയും ലാബ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സ്റ്റോക്ക് നിരീക്ഷണവും വിതരണ സംവിധാനവും കാര്യക്ഷമമാക്കുന്നതിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സമയബന്ധിതവും തടസരഹിതവുമായ ചികിത്സ ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന് വ്യക്തമാക്കി.
