Advertisement

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനില്‍ ഉറക്കെ പാട്ടുവച്ചാല്‍ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യന്‍ റെയില്‍വേ

By kcnchannel / October 19, 2026

ഡല്‍ഹി: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ വിജ്ഞാപനം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ പാട്ട് കേള്‍ക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി അല്‍പ്പം ശ്രദ്ധിക്കണം. ട്രെയിനിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ.

നിയമം ലംഘിച്ചാല്‍ പിഴയും തടവുമടക്കം ശിക്ഷ ലഭിക്കാം.സഹയാത്രികരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജന്‍ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയില്‍വേ ആക്ടിലെ സെക്ഷന്‍ 145 (2) (a) അനുസരിച്ചാണ് നടപടി കൈക്കൊള്ളുകയെന്ന് റെയില്‍വേ അറിയിച്ചു. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു.

ഇതോടെ, ട്രെയിനില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നവര്‍ മാത്രമല്ല കുടുങ്ങുക. പ്ലാറ്റ്‌ഫോം അടക്കമുള്ള റെയില്‍വേ പരിസരങ്ങളില്‍ ഫോണ്‍ സ്പീക്കറിലിട്ട് ആളുകളെ ശല്യപ്പെട്ടുത്തുവരും കുടുങ്ങും. റെയില്‍വേ വളപ്പിലോ ട്രെയിനിലോ സ്പീക്കര്‍ മോഡില്‍ സംസാരിക്കുകയോ പാട്ടുകളും വീഡിയോകളും കേള്‍ക്കുകയോ ചെയ്ത് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 1,000 രൂപ പിഴ ഈടാക്കുകയും റെയില്‍വേ വളപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. റെയില്‍വേ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് ലഭിച്ച ശേഷവും ലംഘനം തുടര്‍ന്നാല്‍ 6 മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കോടതിയിലേക്ക് വിടുകയോ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.