വിവാദങ്ങള്‍ക്കിടെ ദുഷ്യന്ത് കുമാര്‍ ഗൗതം സിക്കിം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
ഗ്യാങ്‌ടോക്: വിവാദങ്ങള്‍ക്കിടെ ദുഷ്യന്ത് കുമാര്‍ ഗൗതം സിക്കിം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് ദുഷ്യന്ത് കുമാര്‍ ഗൗതം സിക്കിമിന്റെ 19-ാം ഗവര്‍ണറായി അധികാരമേറ്റത്.
തിങ്കളാഴ്ച ഗ്യാങ്‌ടോക്കിലെ ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്, വിവിധ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദുഷ്യന്ത് കുമാറിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ദുഷ്യന്ത് കുമാറിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കള്‍ ഇന്ത്യാഗേറ്റില്‍ പ്രതിഷേധം നടത്തി. കോണ്‍?ഗ്രസും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സിക്കിമിലും ദുഷ്യന്ത് കുമാറിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.
2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. ബിജെപി നേതാവും റിസോര്‍ട്ട് ഉടമയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുള്‍പ്പടെ മൂന്ന് പേര്‍ കേസില്‍ പിടിയിലായി. ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചു. എന്നാല്‍ ദുഷ്യന്ത് ഗൗതമിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന്റെ ആരോപണം. ദുഷ്യന്തിന്റെ മുറിയില്‍ പോകാന്‍ പെണ്‍കുട്ടിയോട് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അങ്കിത സുഹൃത്തുക്കള്‍ക്കയച്ച സന്ദേശങ്ങളില്‍ വി ഐ പി അതിഥിയെ കുറിച്ചുളള സൂചനകളുണ്ടായിരുന്നതായും പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ സിബിഐ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കും വരെ ദുഷ്യന്തിനെ ഗവര്‍ണറായി നിയമിക്കരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇന്ത്യാഗേറ്റില്‍ പ്രതിഷേധിച്ച അങ്കിതയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു. എന്‍ എസ് യു ഐ അടക്കമുള്ള സംഘടനകളും അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണമായി രം?ഗത്തെത്തിയിരുന്നു.
