മാസപ്പടി കേസ്: പിണറായിയുടെ അപ്പീലില്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ വാദം, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
ദില്ലി: മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ വാദം ബുധനാഴ്ച്ച. ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ണ്ണായകമാകും.
വിജിലന്‍സ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ എത്തിയത്. ആരോപണവിധേയരെ കേള്‍ക്കാതെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി അപ്പീല്‍ നല്കിയെങ്കിലും ഇതില്‍ ഇടപെടാന്‍ ഡിവിഷന്‍ ബഞ്ച് തയ്യാറായില്ല.ഇതേ തുടര്‍ന്നാണ് അപ്പീലുമായി സുപ്രീംകോടതിയില്‍ എത്തിയത്.
82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് വെള്ളിയാഴ്ച്ച തന്നെ പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസില്‍ വാദം കേള്‍ക്കുന്നത് പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി. തുടര്‍ന്നാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഇന്ന് ലിസ്റ്റ് പുറത്തിറക്കിയത്. ആന്ധ്രയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും.
പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളും നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മാസപ്പടി കേസില്‍ അന്വേഷണം അതിവേഗമാക്കി ഇ ഡി. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി സമന്‍സ് ചുവരില്‍ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നായിരുന്നു സമന്‍സിലെ നിര്‍ദേശം.
ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി എന്ത് തീരുമാനം എടുക്കുമെന്നത് പ്രധാനപ്പെട്ടതാണ്. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമായി ഇഡി മുന്നോട്ട് പോകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതിയില്‍ നേരിട്ട് ഹാജരായേക്കും.
