ബിസിനസ് ഇടപാടുകളിലെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനത്തില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ
ദുബായ്: ബിസിനസ് ഇടപാടുകളിലെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനത്തില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ. ഇലക്ട്രോണിക് ഇന്‍വോയിസ് സംവിധാനം ലളിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇളവുകള്‍. ബിസിനസ് സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുകയാണ് ഉദ്ദേശം എന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ബിസിനസ് ഇടപാടുകള്‍ ലളിതമാക്കാന്‍ മൂന്നു വിധത്തിലുള്ള ഇളവുകളാണ് യുഎഇ ധനകാര്യമന്ത്രലായം പ്രഖ്യാപിച്ചത്. ടാക്സ് ഗ്രൂപ്പ് ഇളവ്, യുഎഇ-യില്‍തന്നെ ഇന്‍വോയിസ് വിവരങ്ങള്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയിലെ മാറ്റം, സാങ്കേതിക തകരാറുകള്‍ അധികൃതരെ അറിയിക്കാന്‍ കൂടുതല്‍ സമയം എന്നിവയാണ് മാറ്റങ്ങള്‍. ഒരേ ടാക്സ് ഗ്രൂപ്പില്‍ പെടുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകളുടെ ഇ- ഇന്‍വോയിസ് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കും.
വരുന്ന ജനുവരി 1 മുതല്‍ ഡിജിറ്റല്‍ ഇന്‍വോയിസ് നടപ്പാക്കും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രഖ്യാപനം. എന്നാല്‍ ഇത് 2028 ഡിസംബര്‍ 31 വരെ നീട്ടിവച്ചു. ഒപ്പം ഇലക്ട്രോണിക് ഇന്‍വോയിസിലെ വിവരങ്ങള്‍ ഇനി ഏത് രാജ്യത്തെ സ്റ്റോറേജ് സംവിധാനത്തിലും സൂക്ഷിക്കാന്‍ കഴിയും. ഇത് യുഎഇയിലെ ബ്രാഞ്ചുകളില്‍ തന്നെ സൂക്ഷിക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍ യുഎഇ ടാക്സ് അതോരിറ്റിയോ സാമ്പത്തിക മന്ത്രാലയമോ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉടനടി രേഖകള്‍ നല്‍കണം.
ഇലക്ട്രോണിക്സ് ഇന്‍വോയിസ് നല്കുന്ന കംമ്പ്യൂട്ടറോ മറ്റേതെങ്കിലും സംവിധാനങ്ങളോ തകരാറിലായാല്‍ രണ്ട് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ അധികൃതരെ അറിയിക്കണമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തി.ബിസിനസ്സുകളുടെ പ്രവര്‍ത്തനഭാരം കുറയ്ക്കുക, ഇലക്ട്രോണിക് ഇന്‍വോയ്സിംഗ് സിസ്റ്റം നടപ്പിലാക്കുമ്പോള്‍ കൂടുതല്‍ വഴക്കം നല്‍കുക, നിയന്ത്രണ ആവശ്യകതകള്‍ കാര്യക്ഷമവും ബിസിനസ് സൗഹൃദപരവുമായ അന്തരീക്ഷത്തെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് തീരുമാനത്തിന് പിന്നില്‍ എന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം പറയുന്നു.
