Advertisement

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തും,

By kcnchannel / October 21, 2026

പ്രതികള്‍ക്കെതിരായ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തു

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈല്‍ സജീവ്, സഹയത്രികരായ നിനവ്, ജോയല്‍ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈല്‍ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു. സഹയാത്രികര്‍ സുഹൈലിനെ തടഞ്ഞുമില്ല.

കേസില്‍ ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമാണ്. അപകട നേരത്തെ നിര്‍ണായക വിവരങ്ങള്‍ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നല്‍കിയാല്‍, പ്രതികള്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാല്‍, ഇനിയും 19 വയസ്സുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ അപകടമുണ്ടായ, വിമാനത്താവള റോഡില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. റോഡിന്റെ ഡിസൈന്‍, നിര്‍മാണം എന്നിവ അപകടത്തിന് കാരണമായോ എന്നതടക്കമായിരുന്നു പരിശോധനയുടെ ഉള്ളടക്കം. മോട്ടോര്‍ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. റോഡില്‍ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പര്‍ പതിയുന്ന ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.