Advertisement

കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ 21 പേര്‍ ഇന്ത്യാക്കാര്‍; ഹോര്‍മുസില്‍ ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

By kcnchannel / October 22, 2026

ഹോര്‍മുസ് കടലിടുക്കില്‍ കുവൈറ്റ് എണ്ണക്കപ്പലായ എംടി അല്‍ ദസ്മയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നു. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യാക്കാരടക്കമുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇടപെടുകയും ഇന്ത്യ ശക്തമായ അപലപനം രേഖപ്പെടുത്തുകയും ചെയ്തു.
കുവൈറ്റ്: ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. 21 ഇന്ത്യാക്കാരടക്കം ആക്രമണം നേരിട്ട എംടി അല്‍ ദസ്മ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരെന്നാണ് വിവരം. കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടന്നെന്നാണ് സംശയം. കുവൈറ്റ് പതാക വഹിച്ച കപ്പലായിരുന്നു ഇത്. ആക്രമണ വിവരം അറിഞ്ഞ് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വിഷയത്തില്‍ ഇടപെട്ടു.

ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കാന്‍ സാധിച്ചെന്ന് ടൈംസ് കുവൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ തീരത്തോട് ചേര്‍ന്ന് ബുഖായ്ക്ക് പടിഞ്ഞാറ് 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഒക്ടോബര്‍ 21 നാണ് ആക്രമണം ഉണ്ടായതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പല്‍ ഇതേ സ്ഥലത്ത് തന്നെയാണുള്ളത്. ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി എക്സ് ഹാന്‍ഡില്‍ വഴി വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷത്തില്‍ നിന്ന് തത്കാലത്തേക്ക് അമേരിക്ക ഉള്‍വലിഞ്ഞതിന് പിന്നാലെ കടുത്ത ആക്രമണമാണ് ഹോര്‍മുസില്‍ ഇറാന്‍ അഴിച്ചുവിടുന്നത്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണക്കപ്പലുകള്‍ ഉന്നമിട്ടാണ് ആക്രമണം. എണ്ണവില ഉയര്‍ന്നാല്‍ അമേരിക്കയില്‍ ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിലൂടെ ട്രംപിന് എതിരായ ജനവിധി ഉണ്ടാകുമെന്നും ഇറാന പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 16-ന് 15 ഇന്ത്യന്‍ നാവികരുള്ള ‘എംടി എസ്ടി 3’ എണ്ണക്കപ്പലിനും, ഒക്ടോബര്‍ 14-ന് റൊമാനിയക്ക് സമീപം 9 ഇന്ത്യന്‍ നാവികരുള്ള ‘യര ജെ’ എന്ന ചരക്കുകപ്പലിനും നേരെ സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ കപ്പലുകളിലുണ്ടായിരുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.