ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനില്‍പ്പിനെ തകരാറിലാക്കുന്ന വര്‍ത്തമാനകാലത്ത് പരിസ്ഥിതിദിനത്തിന്റെ പ്രസക്തി ഏറുന്നു.
മഞ്ഞുമൂടിയ മലനിരകളില്‍ കടുത്തവേനല്‍. ആമസോണ്‍ കാടുകളില്‍പോലും അടിക്കടിയുണ്ടാകുന്ന കാട്ടുതീ. മിതമായ കാലാവസ്ഥ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ പ്രളയം,കൊടുംവരള്‍ച്ച. ഭൂമിയില്‍ മുമ്പെങ്ങുമില്ലാത്തവിധം പാരിസ്ഥിതികാഘാതങ്ങള്‍ രൂക്ഷമാകുന്നു. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാവ്യതിയാനവും തടയുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ സെമിനാറുകളും പഠന-ഗവേഷണങ്ങളും നടക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്തിലാണ് പരിസ്ഥിതിദിനാചരണം. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നു. ഇത്തവണ കൊറിയന്‍ റിപ്പബ്ലിക്കാണ് ആതിഥേയര്‍. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.
2040 -ഓടെ ഭൂമിയിലെ നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏകദേശം മൂന്നിരട്ടിയാവും എന്നാണ് പഠനങ്ങള്‍. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക, പുനരുപയോഗത്തിലൂടെ മാലിന്യം കുറക്കുക വനവല്‍ക്കരണം തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ നമുക്കുമുന്നിലുണ്ട്. പ്രകൃതിയെ, ഭൂമിയെ, ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് ഓരോ പൌരന്റേയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ പരിസ്ഥിതിദിനവും മുന്നോട്ടുവക്കുന്നത്.