Home Kerala വയനാട് ദുരന്തം: മുണ്ടക്കൈയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; നാളെ രാവിലെ തുടരും

വയനാട് ദുരന്തം: മുണ്ടക്കൈയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; നാളെ രാവിലെ തുടരും

by KCN CHANNEL
0 comment

കല്‍പ്പറ്റ: വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചില്‍ പുനരാരംഭിക്കും.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചു വന്ന വെള്ളം ചൂരല്‍മല ടൗണിനെ വരെ ഇല്ലാതാക്കി. ദുരന്തത്തില്‍ ഇതുവരെ 125 പേര്‍ മരിച്ചു. 100 ഓളം പേരെ കാണാതായി. 130 പേരെ ആശുപത്രികളില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്ന് രാവിലെയോടെയാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്റെ പൂര്‍ണ ചിത്രം വ്യക്തമായിട്ടില്ല.

ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താത്കാലിക പാലം ഉണ്ടാക്കി. കയര്‍ കെട്ടി അവിടേക്ക് കടക്കാന്‍ വഴിയൊരുക്കി. 200 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ ഇപ്പോഴും പല ഭാഗത്തായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

നാളെ ദുരന്തഭൂമിയില്‍ വിശദമായ തെരച്ചില്‍ നടത്തും. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങള്‍ക്കും തകര്‍ന്ന വീടുകള്‍ക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികള്‍ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. പ്രദേശത്തെ റിസോര്‍ട്ടുകളിലേക്ക് ഓടിയവരെ രക്ഷിക്കാനായിട്ടുണ്ട്. നാളെയോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.

You may also like

Leave a Comment