തമിഴ് നാട്ടില്‍ റെഡ് അലേര്‍ട്ട്; നാളെ മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്, 14 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ചെന്നൈ: തുലാവര്‍ഷം ശക്തമായതോടെ കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തേനി, ദിണ്ടിഗല്‍, മധുര ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 14 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പകല്‍ സമയങ്ങളില്‍ കാലാവസ്ഥാ അറിയിപ്പുകള്‍ മാറിമറിയാന്‍ സാധ്യതയുണ്ട്. യാത്രയ്ക്കിറങ്ങുന്നതിന് മുന്‍പും, കുട്ടികളെ സ്‌കൂളില്‍ വിടുമ്പോഴും തിരികെ വിളിക്കുമ്പോഴും ജില്ലാതല മുന്നറിയിപ്പുകള്‍ കൃത്യമായി പരിശോധിക്കുക. പ്രാദേശികമായ വെള്ളക്കെട്ടുകള്‍ക്കും ഇടിമിന്നല്‍ അപകടങ്ങള്‍ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം.
കേരളത്തില്‍ ഇന്ന് ജില്ല തിരിച്ചുള്ള മുന്നറിയിപ്പ്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. ഒക്ടോബര്‍ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ചില പ്രദേശങ്ങളില്‍ ഒക്ടോബര്‍ 27 വരെ മഴ നീണ്ടുനിന്നേക്കാം. അതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ നേരത്തെ ചെയ്തുതീര്‍ക്കുക. മഴ കനക്കുന്ന സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക.തമിഴ്നാട്ടിലും സ്ഥിതി സമാനമാണ്. കന്യാകുമാരി, കോയമ്പത്തൂര്‍, നീലഗിരി, തിരുനെല്‍വേലിയിലെ മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയില്‍ യെല്ലോ അലര്‍ട്ടാണ്. ഒക്ടോബര്‍ 26 വരെ ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലിന് സാധ്യതയുണ്ട്. മഴ കനക്കുന്നതോടെ ഗതാഗതക്കുരുക്കിനും സാധ്യതയേറെയാണ്.
