Advertisement

SMA മരുന്ന് വിവാദം; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്, പിണറായിവിജയന്‍

By kcnchannel / October 24, 2026

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) ബാധിച്ച കുട്ടികള്‍ക്ക് ‘ക്ലിനിക്കല്‍ ട്രയല്‍’ ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നല്‍കിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത്തരത്തിലുള്ള ഒരു പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തില്ല. മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമാണ് ഇതില്‍ ചെറിയ പ്രതികരണമെങ്കിലും ഉണ്ടായത്. എസ്.എം.എ ബാധിതരുടെ സംഘടനയായ ക്യൂര്‍ എസ്.എം.എ ആണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളിലും ആ വാര്‍ത്ത വരികയുണ്ടായി. ആ സമയത്തുതന്നെ 12.10.2026 ന് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ആരോഗ്യ മന്ത്രിക്ക് ഉയര്‍ന്നുവന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഒരു കത്ത് നല്‍കിയിരുന്നു. രണ്ടാഴ്ചയായിട്ടും ആ കത്തിന് വസ്തുതകള്‍ നിരത്തി മറുപടി നല്‍കാനുള്ള ജനാധിപത്യ മര്യാദ പോലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല അദ്ദേഹം പറഞ്ഞു.

വിവാദം മാധ്യമങ്ങളില്‍ വന്ന സമയത്ത് ഇത് സംബന്ധിച്ച് തനിക്കറിയില്ല, എസ്.എ.ടിയിലെ ഡോ. മിനിയോട് ചോദിക്കണം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മന്ത്രി ആദ്യം ചെയ്തത്. പക്ഷെ മന്ത്രി പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാക്കി നാറ്റ്‌കോ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ഓഫീസില്‍ കണ്ടതിന്റെ തെളിവുകള്‍ വരികയുണ്ടായി.

എന്നാല്‍ വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കൂടിയ വിലക്ക് മരുന്ന് വില്‍ക്കുന്ന സ്വിസ് കമ്പനിക്ക് വേണ്ടിയാണോ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് എന്നുപോലും പറയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇതൊന്നുമല്ല വിഷയം. വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പേറ്റന്റ് വിഷയത്തിലും ജെനറിക്ക് മരുന്നുകളുടെ കാര്യത്തിലും സിപിഐഎമ്മിന് ഈ മന്ത്രിക്കും കോണ്‍ഗ്രസിനും യുഡിഎഫിനും ഉള്ളതിനേക്കാള്‍ വ്യക്തമായ പ്രഖ്യാപിത നിലപാടുണ്ട്.

ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും (2005) നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സിപിഐഎമ്മിന്റെ പങ്ക് നിര്‍ണായകമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് മരുന്നുകളുടെ ‘എവര്‍ഗ്രീനിങ്’ തടയുന്ന സെക്ഷന്‍ 3(d) ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. രക്താര്‍ബുദ മരുന്നായ ‘ഗ്ലിവെക്’ ന് പേറ്റന്റ് തേടി നൊവാര്‍ട്ടിസ് നടത്തിയ നീക്കം കോടതിയിലെത്തിയപ്പോള്‍ സെക്ഷന്‍ 3(d) യുടെ സാധുത സുപ്രീം കോടതി 2013-ല്‍ ശരിവെക്കുകയുണ്ടായി. കോര്‍പ്പറേറ്റ് ലാഭത്തേക്കാള്‍ രോഗികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ വിധി ഇന്ത്യന്‍ ജനറിക് ഔഷധമേഖലയെ സംരക്ഷിക്കുന്നതില്‍ ചരിത്രപ്രധാനമായ നേട്ടമായി. മരുന്ന് കച്ചവടച്ചരക്കല്ല, മറിച്ച് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.