SMA മരുന്ന് വിവാദം; മുന്‍ ആരോഗ്യ മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM
തിരുവനന്തപുരം: എസ് എം എ മരുന്നുവിവാദത്തില്‍ മുന്‍ ആരോഗ്യമന്ത്രിമാരുടെ വാര്‍ത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലില്‍ CPIM നേതാക്കള്‍. ജനറിക് മരുന്നുകളെ സംബന്ധിച്ച പാര്‍ട്ടി നിലപാട് മറന്നെന്നും വാര്‍ത്താ സമ്മേളനത്തിലെ വാദങ്ങളില്‍ പിശക് പറ്റിയെന്നും വിമര്‍ശനം. എസ് എം എ ബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക ഉയര്‍ത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയര്‍ത്തിയത് വീഴ്ചയെന്ന് നേതാക്കള്‍ പറയുന്നു.
എന്നാല്‍ വിഷയം അവതരിപ്പിക്കുന്നതില്‍ പാളിച്ച പറ്റിയതോടെ നേതാക്കള്‍ മൗനം തുടരുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുന്ന പല നേതാക്കളും ഈ പ്രശ്‌നത്തില്‍ മിണ്ടിയിട്ടില്ല. മരുന്ന് കമ്പനി മേധാവി ആശുപത്രി സൂപ്രണ്ടിനൊപ്പം മന്ത്രിയെ കണ്ടത് ചട്ടവിരുദ്ധമാണെന്ന് മുന്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി വിമര്‍ശിച്ചിരുന്നു. SMA ബാധിതരായ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയതും തെറ്റായ നടപടിയാണെന്ന് കെ.കെ.ശൈലജ കുറ്റപ്പെടുത്തി. കുട്ടികള്‍ക്ക് ക്‌ളിനിക്കല്‍ ട്രയലിനുളള മരുന്ന് നല്‍കിയതും ഗുരുതരമായ തെറ്റാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.
