മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. ഇടിമിന്നലില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
