Advertisement

PSC ചെയര്‍മാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍; മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി

By kcnchannel / October 26, 2026

തിരുവനന്തപുരം: PSC യില്‍ ഭിന്നത രൂക്ഷം. പിഎസ്സി ചെയര്‍മാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി. ചെയര്‍മാന്റെ വിശേഷാധികാരങ്ങള്‍ ദുരുപയോഗം ചെയ്ത് രണ്ട് പരീക്ഷകള്‍ അട്ടിമറിച്ചുവെന്നും ആരോപണം. നിലവില്‍ കേസിലെ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് അട്ടിമറി നടത്തിയത്.

DYSP സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്,അസിസ്റ്റന്റ് പ്രൊഫസര്‍ ലോ കോളേജ് എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷയിലെ മാര്‍ക്കുകള്‍ ചെയര്‍മാന്‍ മുന്‍കൂട്ടി മനസ്സിലാക്കി. കെഎ.എസ് പരീക്ഷയിലടക്കം എഴുത്തു പരീക്ഷ മാര്‍ക്കുകള്‍ ചെയര്‍മാന്‍ മുന്‍കൂട്ടി അറിഞ്ഞു. ഇതുള്‍പ്പടെ ചട്ടവിരുദ്ധമാണ്.

എഴുത്തു പരീക്ഷ മാര്‍ക്കുകള്‍ ചെയര്‍മാന്റെ ചേമ്പറില്‍ എത്തിച്ചത് അഡീഷണല്‍ സെക്രട്ടറി ഹരിയാണ്. അഭിമുഖ പരീക്ഷയ്ക്ക് ചെയര്‍മാന്റെ ഇഷ്ടക്കാരെ ഇരുത്തിയെന്നും ആരോപണം. DYSP സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ പിഎസ്സി യോഗത്തില്‍ പോലും ചെയര്‍മാന്‍ അറിയിച്ചില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി എക്‌സാമിനേഷന്‍ സബ്കമ്മിറ്റി ഉണ്ടായിരിക്കണമെന്ന് PSC യുടെ റൂള്‍സ് ഓഫ് പ്രൊസീജിയറില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും അത് നിലവിലില്ല.

ചോദ്യകര്‍ത്താവിനെ രഹസ്യസ്വഭാവത്തോടെ നിശ്ചയിക്കുന്നതും ചെയര്‍മാനെന്നും ഒരു വിഭാഗം അംഗങ്ങള്‍ ആരോപിച്ചു. ഒരു പരീക്ഷക്ക് മൂന്ന് പേരില്‍ നിന്ന് ചോദ്യപേപ്പര്‍ രഹസ്യസ്വഭാവത്തോടെ വാങ്ങുന്ന രീതി ചെയര്‍മാന്‍ അവസാനിപ്പിച്ചു. ഒന്നര മാസം മുമ്പാണ് ഒരു വിഭാഗം അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.