ബംഗാള്‍ ഉള്‍ക്കടലില്‍ ‘അര്‍ണബ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു, 140 കി മീ വേഗതയോടെ മറ്റന്നാള്‍ കരതൊടാന്‍ സാധ്യത, ആന്ധ്രാ തീരത്ത് റെഡ് അലര്‍ട്ട്; കേരളത്തിലും മഴ കനക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘അര്‍ണബ്’ ചുഴലിക്കാറ്റ് ഒക്ടോബര്‍ 28-ന് ആന്ധ്രാ തീരത്ത് കരതൊടും. ഇതിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അര്‍ണബ് മറ്റന്നാള്‍ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന അര്‍ണബ്, ഇന്ന് അര്‍ദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബര്‍ 27 ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന അര്‍ണബ് ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഗോപാല്‍പൂരില്‍ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 140 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
കേരളത്തിലെ മഴ സാധ്യത
ഓറഞ്ച് അലര്‍ട്ട്
26/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്
27/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക
