അര്‍ണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ‘അര്‍ണാബ്’ ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രപ്രദേശിലെ ബാപറ്റ്ലക്കും വിശാഖപട്ടണത്തിനും ഇടയിലാണ് കരതൊടുക. 27 ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കരതൊടുമ്പോള്‍ കാറ്റിന് 100 മുതല്‍ 150 വരെ വേഗമുണ്ടാകും.
തീവ്ര ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 26-ഓടെ അര്‍ണാബ് ചുഴലിക്കാറ്റായും, 27-ന് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി അതിതീവ്ര മഴ മുന്നറിയിപ്പാണ് ആന്ധ്രയിലും ഒഡിഷയിലും പല ജില്ലകളിലും നല്‍കിയിരിക്കുന്നത്. ഓരോ വകുപ്പിനും പ്രത്യേക ചുമതലകളാണ് നല്‍കിയിട്ടുള്ളത്. എല്ലാ വകുപ്പുകളും മുന്‍കൂട്ടി പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കും.
അതേസമയം, കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെയുണ്ടായിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇന്ന് തെക്കന്‍ ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. നാളെയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തില്‍ വിലക്കുണ്ട്.
