Advertisement

പിഎസ്‌സി നിയമനത്തട്ടിപ്പില്‍ പിഎസ്‌സി ചെയര്‍മാന് ക്രൈംബ്രാഞ്ച് നോട്ടീസ്; ബുധനാഴ്ച്ച ഹാജരാകാന്‍ നിര്‍ദേശം

By kcnchannel / October 26, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ പിഎസ്‌സി ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി. അതേസമയം, ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ മൂന്ന് പിഎസ്‌സി അംഗങ്ങള്‍ ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നല്‍കി. പരീക്ഷ ക്രമക്കേടില്‍ മൂന്ന് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്യും.

ഇല്ലാത്ത ഭരണഘടന സംരക്ഷണം ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച പിഎസ്‌സിക്ക് കിട്ടിയത് വലിയ പ്രഹരമാണ്. വിമര്‍ശനമുണ്ടായെങ്കിലും ക്രൈംബ്രാഞ്ചിന് തുടര്‍ന്നുള്ള അന്വേഷണത്തിനുള്ള നിയമപരമായ വാതില്‍ തുറക്കുന്നതായിരുന്നു കോടതി നിരീക്ഷണങ്ങള്‍. പിന്നാലെയാണ് ചെയര്‍മാന് തന്നെ നോട്ടീസ് നല്‍കിയത്. ബുധനാഴ്ച ചെയര്‍മാന്‍ എം ആര്‍ ബൈജുവിനോട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന പിടിവാശി പിടിച്ച പിഎസ്‌സി ഹൈക്കോടതി വടി എടുത്തതോടെ അയഞ്ഞ് പിഎസ്‌സി അംഗങ്ങളായ സെയ്ഫ്, ഡോ. ശ്രീകുമാര്‍, ഡോ. സ്റ്റാനി തോമസ് എന്നീ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി. ഐജി അജീതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. നാളെ രണ്ട് അംഗങ്ങള്‍ കൂടി ഹാജരാകും.

പരീക്ഷ അട്ടിമറിയില്‍ ചെയര്‍മാനെ സംശയ നിഴലാക്കുന്ന ആരോപണങ്ങളോടെ ഒരു കത്ത് ചില അംഗങ്ങള്‍ ചേര്‍ന്ന് നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ആ കത്തിപ്പോള്‍ എസ്‌ഐടിക്ക് മുന്നിലുണ്ട്. ചെയര്‍മാനെതിരെ അംഗങ്ങള്‍ നല്‍കുന്ന മൊഴി നിര്‍ണായകമാണ്. ചെയര്‍മാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ച വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്ന് കമ്മീഷണന്‍ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയാല്‍ പൊലിസിന് അത് പിടിവള്ളിയാകും. ആസൂത്രണ ബോര്‍ഡ് ക്രമക്കേടില്‍ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ഉള്‍പ്പെടെ ചെയര്‍മാന്‍ എന്ത് മറുപടി നല്‍കുമെന്നതാണ് ഇനി അറിയേണ്ടത്

അതേസമയം, ലോക്ഭവന്‍ വിളിച്ചപ്പോള്‍ ഹാജരായ പിഎസ്എസ് സെക്രട്ടറിയെ ചെയര്‍മാനും ചില അംഗങ്ങളും ഇന്നത്തെ യോഗത്തില്‍ വിമര്‍ശിച്ചു. ഗവര്‍ണ്ണര്‍ വിളിച്ചാല്‍ പോകാതിരിക്കാനാകുമോ എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. നിയമന തട്ടിപ്പില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യും. മോട്ടോര്‍ വാഹന വകുപ്പിലേക്കുള്ള എഎംവി, ഫിഷറീസ് എക്സ്റ്റന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ എന്നീ പരീക്ഷകളില്‍ ക്രമക്കേട് നടന്നുവെന്ന പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസെടുക്കുന്നത്.