Advertisement

ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്: 92 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞു; നെതന്യാഹുവിന്റെ തീവ്രവലതു സഖ്യത്തിന് 53 സീറ്റുകള്‍

By kcnchannel / October 28, 2026

ജെറുസലേം: ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 92 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യം 53 സീറ്റുകളുമായി മുന്നില്‍. യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിന്റെ മുന്നണി 48 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ജോയിന്റ് ലിസ്റ്റ് ഉള്‍പ്പെടുന്ന അറബ് പാര്‍ട്ടികള്‍ 19 സീറ്റുകള്‍ നേടി. ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് നടത്തി അറബ് പാര്‍ട്ടികള്‍ നടത്തിയത്. എന്നാല്‍ 61 എന്ന കേവലഭൂരിപക്ഷം നെതന്യാഹുവും ഐസന്‍കോട്ടും നയിക്കുന്ന മുന്നണികള്‍ക്ക് ലഭിക്കില്ല.

നെതന്യാഹു സര്‍ക്കാരിനെ പുറത്താക്കുന്നതിനുള്ള വഴിയൊരുക്കാന്‍ തങ്ങളുടെ സഖ്യം സജ്ജവും തയ്യാറുമാണെന്ന് ജോയിന്റ് അറബ് ലിസ്റ്റ് നേതാവ് യൂസഫ് ജബാറീന്‍ പറഞ്ഞു. രക്തച്ചൊരിച്ചിലിന് കാരണമായ ഭരണകൂടത്തിനും, മേധാവിത്വത്തിനെും മുന്നില്‍, തികച്ചും വ്യത്യസ്തമായ ഒരു ബദല്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

എന്നാല്‍, ജൂത ദേശീയത പിന്തുടരുന്ന ഇരുമുന്നണികളും അറബ് പാര്‍ട്ടികളുടെ പിന്തുണ തേടിയേക്കില്ല. അങ്ങനെയെങ്കില്‍ 120 അംഗ നെസറ്റില്‍ കേവലഭൂരിപക്ഷം നേടാനാവാതെ ഇസ്രയേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. സംഘര്‍ഷസാഹചര്യങ്ങളില്‍ ഭരണ അസ്ഥിരത ഒഴിവാക്കാന്‍ നെതന്യാഹുവും ഐസന്‍കോട്ടും ഒന്നിച്ചേക്കാമെന്നും ഇസ്രയേല്‍ രാഷ്ട്രീയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വലതുസര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് വോട്ടെടുപ്പിന് ശേഷം ജെറുസലേമില്‍ അണികളെ കണ്ട നെതന്യാഹു പ്രകടിപ്പിച്ചത്.