Advertisement

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈല്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്; കോടതി ഉത്തരവ് പുറത്ത്

By kcnchannel / October 28, 2026

കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളെന്ന് കോടതി. പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറത്ത് വന്നു. സുഹൈല്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചെന്ന വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിക്കാന്‍ മറ്റ് പ്രതികള്‍ സുഹൈലിനെ പ്രേരിപ്പിച്ചതിനും തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. നാലു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡി. സെഷന്‍സ് കോടതി തള്ളിയിരുന്നു. സുഹൈല്‍ സജീവ്, കാറില്‍ ഒപ്പമുണ്ടായിരുന്ന നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്. സുഹൈല്‍ സ്ഥിരമായി അമിതവേഗതയില്‍ വാഹനമോടിക്കുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പൊലീസ് നിലപാട് കോടതി ശരിവെച്ചു.

അപകടം നടന്നതിന്റെ പിറ്റേന്ന് മൂന്നാം പ്രതിയായ ജോയല്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുഹൈല്‍ നന്നായി മദ്യപിച്ചിരുന്നതായും അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും, മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായും ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഇതടക്കം പരിശോധിച്ചാണ് ജാമ്യഹര്‍ജി തള്ളിയത്.

അതേസമയം എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് പറയുന്നില്ലെന്നും, തെളിവില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ അഡീഷ്യല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ അമിതവേഗതിയില്‍ സുഹൈല്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചത്. പ്രതികള്‍ ഉടന്‍ ഹൈകോടതിയെ സമീപിക്കും.