കേരള സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാര്‍ഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്‌കൂള്‍
കോഴിക്കോട്: കേരളാ സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടപടി. വിദ്യാര്‍ഥിയെ അയോ?ഗ്യനാക്കി. യുപി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് അയോഗ്യനാക്കിയത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച കോട്ടയം കോരുത്തോട് സ്‌കൂളിലെ യുപി സ്വദേശിയായ വിദ്യാര്‍ഥി പ്രായം മറച്ചുവച്ചാണ് മത്സരത്തിന് ഇറങ്ങിയതെന്ന് എല്ല് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വെള്ളി നേടിയ ഇടുക്കിയുടെ സോബിന്‍ കെ സെബാസ്റ്റ്യന്‍ പുതിയ ജേതാവായി പ്രഖ്യാപിച്ചു. 400 മീറ്റര്‍ സബ്ജൂനിയര്‍ വിഭാഗത്തിലാണ് പുതിയ ജേതാവിനെ നിശ്ചയിച്ചത്.
എന്നാല്‍, ഔദ്യോഗിക പരിശോധനാ ഫലം എതിരാണെങ്കില്‍ കോടതിയില്‍ പോയി തെളിയിക്കും എന്നാണ് കോരുത്തോട് സ്‌കൂളിന്റെ വിശദീകരണം. ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കൈവശമുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 15 മുതല്‍ 18 വയസ്സ് വരെ പ്രായമുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരിക്കാന്‍ കഴിയുക. അതേസമയം, പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതില്‍ സന്തോഷം ഉണ്ടെന്ന് പരാതിക്കാരിയായ കായികാധ്യാപിക ഷിബി പറഞ്ഞു. പ്രായം മറച്ചുവെച്ച് മത്സരിച്ച വിദ്യാര്‍ഥി 400 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. 100 മീറ്റര്‍ ഹിറ്റ്‌സിലും മത്സരിച്ചു. പ്രായത്തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥിയെ 100 മീറ്റര്‍ ഫൈനലിലും മത്സരിപ്പിക്കില്ല.
