Advertisement

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

By kcnchannel / October 30, 2026

തിരുവനന്തപുരം: നവംബര്‍ മുതല്‍ വീണ്ടും കേരളം ഇരുട്ടിലേക്ക്. അടുത്തമാസം രാത്രികളില്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഒരു മാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത ഒരുങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ ശ്രമങ്ങള്‍ക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നല്‍കിയ പെറ്റീഷന്‍ വില കൂടുതല്‍ എന്ന് പറഞ്ഞാണ് കമ്മീഷന്‍ നിരസിച്ചത്. ഇത് കൂടാതെ പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സര്‍ക്കാറിന് കഴിഞ്ഞ മാസം നല്‍കിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിലും ഇതുവരെയും തീരുമാനമായിട്ടില്ല. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഇതിനിടെ കേരളം കാലതാമസം വരുത്തിയതിനാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാമെന്ന് ഏറ്റിരുന്ന ഹിമാചല്‍ പ്രദേശ് ഇതില്‍ നിന്നും പിന്മാറിയിട്ടുണ്ട്. കൂടാതെ മാര്‍ക്കറ്റില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും പഴയതുപോലെ ആയിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി എസ് പ്രശാന്ത് പറഞ്ഞു. ഇതോടെ അടുത്തമാസം രാത്രികളില്‍ 1280 മെഗാ വാട്ടിന്റെ കുറവ് സംസ്ഥാനത്ത് ഉണ്ടാകും. അത് പരിഹരിക്കാന്‍ രാത്രികാലങ്ങളില്‍ വൈദ്യുതി നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.