രാമായണ റിലീസിനൊരുങ്ങുന്നു; എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ പുതിയ ഗാനം പുറത്ത്
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ 2026 നവംബര്‍ 5-ന് അഞ്ച് ഭാഷകളില്‍ തിയേറ്ററുകളിലെത്തും. രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം വലിയ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്.
റിലീസിന് മുന്‍പേ തരംഗം സൃഷ്ടിക്കുകയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. 2026 നവംബര്‍ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ആഗോള തലത്തില്‍ ഇതുവരെ 25 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ജുഡി ജോഡി എന്ന ഗാനമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാല്‍ ആണ്.
ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഒഫിഷ്യല്‍ റിലീസ് ഡേറ്റ് പോസ്റ്റര്‍ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആകര്‍ഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാന്‍വാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയ്‌ലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നത്. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകള്‍ക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധര്‍മ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രണ്‍ബീര്‍ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോള്‍ ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവര്‍ പകര്‍ന്നു നല്‍കുന്നു.
