Advertisement

ശബരിമല മില്‍മ നെയ് ക്രമക്കേട്: പ്രതികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി; വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട്

By kcnchannel / October 30, 2026

തിരുവനന്തപുരം: ശബരിമല മില്‍മ നെയ് ക്രമക്കേട് കേസ് പ്രതികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട്. 28 ലോഡ് നെയ്യില്‍ 3 ലോഡ് നെയ്യ് തമിഴ്‌നാട്ടിലേക്ക് കടത്തി. ക്രമക്കേടില്‍ ലാഭവിഹിതമായി തിരുവനന്തപുരം സ്വദേശി ജയലാല്‍ 15 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

നെയ് ക്രമക്കേടില്‍ അറസ്റ്റിലായ ജയലാലിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദേവസ്വം ജീവനക്കാരനായ ജയലാലിനായിരുന്നു സ്റ്റോറിന്റെ ചുമതല. എസ് എസ് ബിനുവിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാരനായ എസ് എസ് ബിനുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ വിജിലന്‍സിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ എസ് എസ് ബിനുവിനെയും തിരികെ ജയിലിലേക്ക് വിട്ടു.

ബിനുവിനെ കസ്റ്റഡിയില്‍ ലഭിച്ചു ചോദ്യം ചെയ്തതില്‍ നിന്നാണ് ജയലാലിന്റെ ഇടപെടലുകള്‍ സംബന്ധിച്ച വിവരം വിജിലന്‍സിന് ലഭിക്കുന്നത്. മില്‍മയുടെ പത്തനംതിട്ട ഡയറിയില്‍ നിന്ന് 11,040 കിലോ ഗ്രാം നെയ്യ് സന്നിധാനത്തേക്ക് എത്തിക്കാനായി കൈപ്പറ്റി ഈ നെയ് തമിഴ്നാട്ടിലെ ഏജന്‍സികള്‍ക്ക് മറിച്ചു വിറ്റുവെന്നും, പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. ജയലാല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.